ഭരണ സമിതിയുടെ കെടുകാര്യസ്‌ഥത; മുക്കം മുൻസിപ്പാലിറ്റി വികസന ഫണ്ട് പാഴാക്കുന്നു; വെൽഫെയർ പാർട്ടി

മുക്കം: മുൻസിപ്പാലിറ്റി ഭരണസമിതിയുടെ കെടുകാര്യസ്‌ഥത മൂലം വികസന ഫണ്ട് പാഴാക്കുന്നതായി വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കെ ആരോപിച്ചു. മുക്കം മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024-25 സാമ്പത്തിക വർഷത്തിൽ വകയിരുത്തിയ 10.29 കോടി വികസന ഫണ്ടിൽ 3.75 കോടി രൂപ (36%) മാത്രമാണ് ഇതുവരെ വിനിയോഗിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 3.31 കോടി രൂപ പാഴാക്കി കളഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 6.2 കോടി രൂപയാണ് പാഴാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുക്കം ടൗണിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം ദുരിതമനുഭവിക്കുന്നത് വ്യാപാരികളാണ്. മുൻസിപ്പാലിറ്റിയുടെ ഉന്നതികളിൽ ദുരിത ജീവിതമാണ് ജനങ്ങൾ നയിക്കുന്നത്. ഉന്നതികളുടെ വികസനത്തിനായി പ്രത്യേക ഫണ്ട് അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മുക്കം മുൻസിപ്പൽ പ്രസിഡന്റ് റഹീം ചേന്ദമംഗലൂർ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ കല്ലുരുട്ടി മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുന്‍സിപ്പാലിറ്റി വികസന ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുക, ഉന്നതി പ്രദേശങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ഉന്നതികളുടെ വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക, മുക്കം ടൗണില്‍ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുക, അതിദരിദ്രര്‍ക്കായുള്ള പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. മുക്കം മുൻസിപ്പാലിറ്റി കൗൺസിലർമാരായ ഫാത്തിമ കൊടപ്പന, സാറ കൂടാരം എന്നിവർ സംസാരിച്ചു. മുൻസിപ്പൽ ട്രഷറർ ഗഫൂർ പൊറ്റശ്ശേരി സ്വാഗതവും, മുൻസിപ്പൽ കമ്മിറ്റിയംഗം നൗഷാദ് ടി കെ നന്ദിയും പറഞ്ഞു. ഇ.കെ കെ ബാവ, ഉബൈദ് കെ, അനുപമ, സലീന, അബ്ദുൽ ഗഫൂർ കല്ലുരുട്ടി, സി കെ ജമാൽ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: വെൽഫെയർ പാർട്ടി മുക്കം മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കെ ഉദ്ഘാടനം ചെയ്യുന്നു.