ബ്രസീൽ പോരാട്ടം വെറും ‘സർക്കസ്’; 60 കോടി മുടക്കിയ എ.ഐ.എഫ്.എഫിനെതിരെ പൊട്ടിത്തെറിച്ച് ബൈചുങ് ബൂട്ടിയ

കൊൽക്കത്ത: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയ. സൗഹൃദ മത്സരം വെറും ഒരു സർക്കസ് മാത്രമാണെന്നാണ് ബൂട്ടിയ വിശേഷിപ്പിച്ചത്. രാജ്യത്തെ ഫുട്‌ബോൾ രംഗത്ത് ദീർഘകാലമായി നിലനിൽക്കുന്ന ചില പ്രശ്നങ്ങൾ അവഗണിച്ച് സൗഹൃദ മത്സരത്തിന് മുൻഗണന നൽകിയതിന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ഒരു ആരാധകന്റെയും മുൻ കളിക്കാരന്റെയും വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ബ്രസീലിനെതിരായ മത്സരം ആവേശം നൽകുന്നതാണ്. എന്നാൽ ദീർഘകാല കാഴ്ചപ്പോടോടെ ഇന്ത്യയിൽ ഫുട്‌ബോൾ വളർത്താൻ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ശ്രമിക്കണമെന്ന് ബൈചുങ് ബൂട്ടിയ ആവശ്യപ്പെട്ടു.
ഒരു കളിക്കാരന്റെയോ ആരാധകന്റെയോ കാഴ്ചപ്പാടിൽ നിന്ന്, എല്ലാവർക്കും ഈ മത്സരം ഇഷ്ടപ്പെടും. ഒരു കളിക്കാരൻ എന്ന നിലയിൽ, എനിക്ക് ബ്രസീലിൽ കളിക്കാൻ ഇഷ്ടമായിരുന്നു. എന്നാൽ കളിക്കാർക്ക് ബ്രസീലിനെതിരെ കളിക്കാൻ അവസരം നൽകുകയാണോ അതോ ദീർഘകാലത്തേക്ക് ഫുട്‌ബോൾ വികസിപ്പിക്കുകയാണോ അവരുടെ ജോലി?’- മത്സരത്തിന് മുമ്പ് ബൂട്ടിയ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.ഇന്ത്യൻ ഫുട്‌ബോളും, ഐഎസ്എല്ലും നിലവിൽ ഉയർത്തെഴുന്നേൽക്കാൻ പാടുപെടുമ്പോൾ കോടിക്കണക്കിന് രൂപ നൽകി ബ്രസീലിനെതിരെ കളിക്കുന്നതിന് പിന്നിലെ യുക്തിയെയും ബൂട്ടിയ ചോദ്യം ചെയ്തു.
ബ്രസീലുമായി കളിക്കുന്നതിന് ഒരു ഫെഡറേഷൻ നൽകേണ്ടത് 50 മുതൽ 60 കോടി രൂപ വരെയാണ്. അത് പൂർണമായും യുക്തിരഹിതമാണ്. ഞാൻ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമാണ്. കഴിഞ്ഞ ബജറ്റിൽ 14 മുതൽ 16 കോടി രൂപയുടെ കമ്മി ഉണ്ടായിരുന്നു. സപോൺസർമാരെ ലഭിക്കാൻ നിങ്ങൾ പാടുപെടുകയാണ്. സ്പോൺസർമാരില്ലാത്തതിനാൽ ക്ലബ്ബുകൾ അടച്ചുപൂട്ടുകയാണ്. ഐ ലീഗിലും (ഇന്ത്യൻ ഫുടബോൾ ലീഗ്) ഐഎസ്എല്ലിലും (ഇന്ത്യൻ സൂപ്പർ ലീഗ്) സ്പോൺസർമാരെ കണ്ടെത്താൻ പാടുപെടുന്ന ക്ലബ്ബുകളുണ്ട്’-ബൂട്ടിയ പറഞ്ഞു.ആസിയാൻ കപ്പിൽ നിന്ന് ഇന്ത്യൻ ടീം പിന്മാറിയതിനെയും ബൂട്ടിയ രൂക്ഷമായി വിമർശിച്ചു. ഇന്ത്യ ആദ്യം ഫിഫ ആസിയാൻ കപ്പിൽ കളിക്കാൻ ഒരുങ്ങിയിരുന്നു, അവിടെ ഇന്തോനേഷ്യ, സിംഗപ്പൂർ, മലേഷ്യ എന്നിവരോടൊപ്പം അവർ ഇടം നേടി. ഫിഫ റാങ്കിംഗിൽ 138 ന് അടുത്ത് നിൽക്കുന്ന ടീമുകളായിരുന്നു അവർ എന്നാൽ ആറാം സ്ഥാനത്തുള്ള ബ്രസീലുമായാണ് ഇന്ത്യ കളിച്ചത്. ആസിയാൻ കപ്പിനും ബ്രസീൽ സൗഹൃദ മത്സരത്തിനും വെവ്വേറെ ടീമുകളെ അയയ്ക്കാൻ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാൽ പിന്നീട് ഉയർന്ന നിലവാരമുള്ള പോരാട്ടത്തിന് മുൻഗണന നൽകുന്നതിനായി ആ ടൂർണമെന്റിൽ നിന്ന് പൂർണ്ണമായും പിന്മാറി. ഇതിനെതിരെയാണ് ബൂട്ടിയയുടെ വിമർശനം.
ആസിയാൻ കപ്പ് പോലുള്ള ഒരു മത്സര ടൂർണമെന്റ് നമ്മൾ നഷ്ടപ്പെടുത്താൻ പാടില്ലായിരുന്നു. ആ ടൂർണമെന്റിൽ കളിക്കാൻ നമ്മുടെ കളിക്കാർക്ക് അവസരം ലഭിക്കുമായിരുന്നു, കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലും. എന്നിട്ട് നിങ്ങൾ ഇത്രയും കോടി മുടക്കി ബ്രസീലുമായുള്ള സൗഹൃദ മത്സരം കളിക്കാൻ തീരുമാനിച്ചു. ഒരു ഫെഡറേഷൻ എന്ന നിലയിൽ അതിന് അർത്ഥമില്ല’- ബൂട്ടിയ പറഞ്ഞു.



