World

144 മരണം, 732 പേര്‍ക്ക് പരിക്ക്; ലോകത്തിന്റെ ഉള്ളുലച്ച് മ്യാന്‍മര്‍: മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

യാങ്കൂണ്‍: മ്യാന്‍മറിലും തായ്‌ലാന്‍ഡിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം 144 ആയി. എഴുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സൈനിക മേധാവി മിന്‍ ഓങ് ഹ്ലയിങ് അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു

144 പേരുടെ മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 732 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് മ്യാന്‍മര്‍ സൈനിക മേധാവി പ്രതികരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആറ് പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര സഹായത്തിനും രാജ്യം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേസമയം, തായ്‌ലാന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ ഭൂകമ്പത്തില്‍ കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ കുടുങ്ങി. ഇവിടെയും നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ബാങ്കോക്കിലെ എല്ലാ വിമാനത്താവളങ്ങളും പ്രവര്‍ത്തനക്ഷമമാണെന്ന് തായ്‌ലാന്‍ഡ് ടൂറിസം അതോറിറ്റി അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50നാണ് മധ്യ മ്യാന്‍മാറില്‍ ഭൂചലനമുണ്ടായത്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ഇതിന് പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി. സാഗൈങ്ങ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ഭാഗത്ത് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

അതേസമയം, പരിക്കേറ്റവരെ ചികിത്സിക്കാനുള്ള സൗകര്യം കുറഞ്ഞുവരികയാണെന്നും നയിപ്ഡാവ്, മണ്ഡേല, സാഗൈങ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും മേജര്‍ ജനറല്‍ സാവ് മിന്‍ തുന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ പിടിച്ചുകുലുക്കിയ ആറ് ഭൂകമ്പങ്ങളും ഉണ്ടായത് രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോള്‍ട്ട് ലൈനായ സാഗയിങ് ഫോള്‍ട്ടിലാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ഡയറക്ടര്‍ ഡോ. ഒ പി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

ഈ പ്രദേശത്ത് 7 തീവ്രതയില്‍ കൂടുതലുള്ള ഭൂകമ്പം ഉണ്ടായിട്ടുണ്ട്. ഇവിടെ നേരത്തെയും ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

The post 144 മരണം, 732 പേര്‍ക്ക് പരിക്ക്; ലോകത്തിന്റെ ഉള്ളുലച്ച് മ്യാന്‍മര്‍: മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത appeared first on Metro Journal Online.

See also  യെമനിലെ ഹൂതി കേന്ദ്രങ്ങളിലേക്ക് യുഎസ് വ്യോമാക്രമണം; 38 പേർ കൊല്ലപ്പെട്ടു

Related Articles

Back to top button