World
ഇന്തോനേഷ്യയിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണു; ഒരു വിദ്യാർഥി മരിച്ചു, 65 പേർ കുടുങ്ങിക്കിടക്കുന്നു

ഇന്തോനേഷ്യയിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണ് ഒരു വിദ്യാർഥി മരിച്ചു. 65ഓളം കുട്ടികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 90ലേറെ കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്.
മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കിഴക്കൻ ജാവ നഗരമായ സിദോർജോയിലെ അൽ ഖോസിനി ഇസ്ലാമിക് ബോർഡിംഗ് സ്‌കൂളിലാണ് അപകടമുണ്ടായത്.
13 വയസുള്ള കുട്ടിയാണ് മരിച്ചത്. 12നും 17നും ഇടയിൽ പ്രായമുള്ള ഏഴ് മുതൽ 11ാം ക്ലാസുകളിലെ വിദ്യാർഥികളെയാണ് കാണാതായത്. സ്‌കൂളിന് പുറത്ത് രക്ഷിതാക്കളും നാട്ടുകാരും തടിച്ചു കൂടിയിട്ടുണ്ട്.
കോൺക്രീറ്റ് സ്ലാബുകളും മറ്റവശിഷ്ടങ്ങളും നീക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവർക്കായി ഓക്‌സിജനും കുടിവെള്ളവും എത്തിക്കുന്നുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.