ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അതീവ ഗുരുതരാവസ്ഥയിൽ; മരുന്നുകളോട് പ്രതികരിക്കുന്നില്ല

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവുമായ ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ശ്വാസകോശത്തിലെ അണുബാധ മൂർച്ഛിച്ചതാണ് ഖാലിദ സിയയുടെ ആരോഗ്യനില മോശമാകാൻ കാരണം. മുൻ പ്രധാനമന്ത്രിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
നവംബർ 23നാണ് ഖാലിദ സിയയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഹൃദയത്തെയും ശ്വാസകോശത്തെയും അസുഖം കാര്യമായി ബാധിച്ചുതുടങ്ങിയതിന് പിന്നാലെയായിരുന്നു മാറ്റിയത്. ആശുപത്രിയിൽ വെച്ച് ആരോഗ്യാവസ്ഥ വീണ്ടും മോശമായി. വിദേശത്തുനിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള വലിയ മെഡിക്കൽ സംഘമാണ് ഖാലിദ സിയയെ ചികിത്സിക്കുന്നത്.
മരുന്നുകളോട് സിയ കാര്യമായി പ്രതികരിക്കുന്നില്ലെന്നും ഇനി വേണ്ടത് പ്രാർഥനകൾ മാത്രമാണ് എന്നും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വക്താക്കൾ വ്യക്തമാക്കി. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായാൽ ഖാലിദയെ വിദേശത്തേക്ക് കൊണ്ടുപോകാൻ എയർ ആംബുലൻസ് അടക്കം സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ് ഖാലിദ സിയ



