ജാതി പറഞ്ഞ് പോരടിക്കരുത്, ഐക്യം സാധ്യമാകുമെന്നാണ് പ്രതീക്ഷ: മുഖപത്രത്തിൽ ലേഖനവുമായി വെള്ളാപ്പള്ളി

എൻഎസ്എസ് പിൻമാറിയെങ്കിലും സമുദായ ഐക്യ നീക്കത്തിൽ പ്രതീക്ഷയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമാനചിന്താഗതിക്കാർ ഒന്നിക്കണമെന്ന് സംഘടനയുടെ മുഖപത്രമായ യോഗനാദത്തിൽ എഴുതിയ ലേഖനത്തിൽ വെള്ളാപ്പള്ളി പറയുന്നു. ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകും. ഈ ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ഐക്യശ്രമങ്ങൾ നടത്തുന്നത്
ഐക്യം വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി പറഞ്ഞു. മനുഷ്യന്റെ വേദനയും സന്തോഷവും ഒരു പോലെയാണ്. ജാതിക്കും മതത്തിനും അക്കാര്യത്തിൽ ഭേദമില്ല. പക്ഷേ ആ തിരിച്ചറിവ് ഇവിടത്തെ പലർക്കും ഇല്ലാതായതാണ് കേരളത്തിന്റെ ദുര്യോഗം. എസ്.എൻ.ഡി.പി. യോഗം ഇന്നൊരു സമരസംഘടന കൂടിയാണ്.
കേരളത്തിലെ സാമൂഹ്യ സാഹചര്യവും മാറിക്കഴിഞ്ഞു. ഏറെക്കാലമായി ഭൂരിപക്ഷ ജനവിഭാഗം ഇവിടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. മതന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭരണതലങ്ങളിലും അവഗണിക്കപ്പെട്ടു. ജാതി പറഞ്ഞ് പോരടിച്ച് നിന്നാൽ ഹൈന്ദവസമൂഹം ഇനിയും അധോഗതിയിലേക്ക് പോവുകയേയുള്ളൂ. അത്തരമാരു ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ചില ഐക്യ ശ്രമങ്ങൾ വീണ്ടും തുടങ്ങിവെച്ചത്
സമാനചിന്താഗതിയുള്ള എല്ലാവരും ജാതി, മതവ്യത്യാസമില്ലാതെ ഈ നീക്കത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം. അതും വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. സമുദായ പ്രവർത്തനവും മൈക്രോ ഫിനാൻസ് ഉൾപ്പെടെയുള്ള സാമൂഹ്യ ഇടപെടലുകളും മറ്റും പദ്മഭൂഷൺ പുരസ്‌കാരത്തിന് പരിഗണിച്ചിട്ടുണ്ടാകാം. ഒപ്പം നിന്ന ലക്ഷക്കണക്കിന് സാധാരണക്കാരാണ് ഇത് സാധ്യമാക്കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു



