Kerala

നടി ലക്ഷ്മി പ്രിയക്കും ഭർത്താവിനും വനിതാ എസ്.ഐക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശം

കൊച്ചി: വ്യാജ പരാതിയുടെ മറവിൽ പൊലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന നടി അൻസിബ ഹസന്റെ ഹർജിയിൽ നടി ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്.ഐ രേഷ്മ എന്നിവർക്കെതിരെ കേസെടുക്കാൻ തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

​ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (BNSS) സെക്ഷൻ 175(3) പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്താൻ ഹിൽ പാലസ് പൊലീസിനാണ് കോടതി നിർദേശം നൽകിയത്.

കേസിനാസ്പദമായ സംഭവം

​ലക്ഷ്മി പ്രിയ നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ തൃപ്പൂണിത്തുറ വനിതാ സെല്ലിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ അവിടെവെച്ച് തന്നെ മൂന്ന് മണിക്കൂറോളം നിയമവിരുദ്ധമായി തടഞ്ഞുവെച്ചതായും, വനിതാ എസ്.ഐയുടെ നേതൃത്വത്തിൽ മാനസികമായി പീഡിപ്പിച്ചതായും അൻസിബ പരാതിയിൽ പറയുന്നു. കൂടാതെ സ്റ്റേഷനിൽ വെച്ച് നിർബന്ധപൂർവ്വം മാപ്പെഴുതി ഒപ്പിടുവിച്ചെന്നും, പിന്നീട് ഈ രേഖകളിൽ താൻ അറിയാതെ പ്രതികൾക്ക് അനുകൂലമായ രീതിയിൽ വൻ തിരുത്തലുകൾ വരുത്തിയതായും അൻസിബ ആരോപിക്കുന്നു.

കോടതിയെ സമീപിച്ചതിന് പിന്നിൽ

​ഈ സംഭവത്തിൽ അൻസിബ മുൻപ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിരുന്നു. തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം തൃക്കാക്കര എ.സി.പി അന്വേഷണം നടത്തിയെങ്കിലും ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കാണിച്ച് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പരാതി തള്ളുകയായിരുന്നു. പൊലീസിൽ നിന്ന് നീതി ലഭിക്കാതിരുന്നതിനെ തുടർന്നാണ് അൻസിബ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

​കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ വിശദമായ പൊലീസ് അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് കോടതി ഇപ്പോൾ കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ഹിൽ പാലസ് പൊലീസ് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യും.

See also  പിണറായിസത്തിനും മരുമോനിസത്തിനുമെതിരേ ആര് വോട്ട് നൽകിയാലും സ്വീകരിക്കും; നിലപാട് വ്യക്തമാക്കി പി.വി. അൻവർ

Related Articles

Back to top button