Kerala

ശബരിമല നെയ്യ് ക്രമക്കേട്: മില്‍മയില്‍ എസ്‌ഐടി പരിശോധന: നിർണായക രേഖകള്‍ പിടിച്ചെടുത്തു

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട ഡയറിയില്‍ അന്വേഷണസംഘം പരിശോധന നടത്തി. രേഖകള്‍ പിടിച്ചെടുത്ത അന്വേഷണ സംഘം മാര്‍ക്കറ്റിങ് മാനേജറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പില്‍ മില്‍മ, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍.

നെയ്യ് വാങ്ങാനായി നടന്ന ഇടപാടിലും ദുരൂഹതയുണ്ട്. ഓര്‍ഡര്‍ ചെയ്ത നെയ്യുടെ 25 ശതമാനം പോലും ഉപയോഗിച്ചിട്ടില്ല. 150,000 ലിറ്ററിൽ അധികം നെയ്യാണ് ശബരിമലയില്‍ എത്തിച്ചത്. ഇതില്‍ ആകെ ഉപയോഗിച്ചത് 19,800 ലിറ്റര്‍ നെയ്യ് മാത്രമാണ്. ഭക്തര്‍ കൊണ്ടുവരുന്ന നെയ്ക്ക് മില്‍മയുടെ നെയ്യിനേക്കാള്‍ ഗുണനിലവാരം ഉണ്ടെന്നും മൊഴി ലഭിച്ചിട്ടുണ്ട്. 36 വര്‍ഷമായി അരവണ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയാണ് മൊഴി നല്‍കിയത്.

ഇതിനിടെ പമ്പയില്‍ സ്റ്റോര്‍ റൂം തുറക്കാനും തീരുമാനമായിട്ടുണ്ട്. നെയ്യ് ക്രമക്കേട് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. പമ്പയിലെ ഗോഡൗണില്‍ നെയ്യ് സൂക്ഷിച്ച് ഗുണനിലവാരം പരിശോധിച്ചതിന് ശേഷം മാത്രം സന്നിധാനത്തേക്ക് കയറ്റിവിടാനാണ് തീരുമാനം. മുതിര്‍ന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്‍ സ്റ്റോര്‍ റൂം മാനേജറാകും. സ്റ്റോര്‍ സ്ഥാപിക്കുന്നതോടെ ട്രാക്ടറില്‍ പോകുന്ന സാധനങ്ങള്‍ക്ക് കൃത്യമായ കണക്കുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ക്രമക്കേടും കരാറുകാരുടെ ഇടപെടലും തടയാനാവും. ഇന്നത്തെ ബോര്‍ഡ് യോഗത്തില്‍ സ്റ്റോര്‍ സ്ഥാപിക്കുന്നതില്‍ അന്തിമ തീരുമാനമുണ്ടാകും.

ശബരിമല നെയ്യ് ക്രമക്കേടില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ദേവസ്വം വിജിലന്‍സ് എസ്പിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നതാണ് റിപ്പോര്‍ട്ട്. മില്‍മയില്‍ നിന്ന് വാങ്ങിയ നെയ്യ് ശബരിമലയില്‍ എത്തിക്കുന്നതിനു മുമ്പ് മാറ്റിയതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഓര്‍ഡര്‍ ചെയ്ത നെയ്യ് പൂര്‍ണ്ണമായും എത്തിയിട്ടില്ലെന്നും നിഗമനമുണ്ട്. പത്തനംതിട്ട ഡയറിയില്‍ നിന്ന് സന്നിധാനത്തേക്ക് കൊണ്ടു പോകുന്ന വഴിമധ്യേ ആണ് നെയ്യ് മാറ്റിയത് എന്നാണ് വിവരം. നെയ്യ് എത്തിക്കുന്നതിന് കരാറുകാരന്‍ കുറഞ്ഞ തുക കോട്ട് ചെയ്തത് സംശയാസ്പദമാണെന്നും വിലയിരുത്തലുണ്ട്. വിശദമായ അന്വേഷണം വേണമെന്നും ദേവസ്വം വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

വിജിലന്‍സ് എസ്പി എം ജെ സോജന്റെ നേതൃത്വത്തിലാണ് നെയ്യ് ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്നത്. ക്രമക്കേടില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മുന്‍ ബോര്‍ഡ് ആംഗം എ അജികുമാര്‍, മുരാരി ബാബു എന്നിവരാണ് പ്രതികള്‍. എന്നാല്‍ ഇവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ദേവസ്വം ബോര്‍ഡിന് 2.27 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍.

മില്‍മയ്ക്ക് കരാര്‍ ലഭിക്കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തില്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. 2025ലെ മകരവിളക്ക് കാലയളവില്‍ പുറത്ത് നിന്നും നെയ്യ് വാങ്ങാനുള്ള തീരുമാനം 2024ലാണ് ബോര്‍ഡ് സ്വീകരിക്കുന്നത്. ഇതിനായി വിളിച്ച ടെന്‍ഡറില്‍ ആറ് സ്ഥാപനങ്ങള്‍ പങ്കാളികളായി. ഈ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ടെന്‍ഡര്‍ റദ്ദാക്കി കരാര്‍ മില്‍മയ്ക്ക് നല്‍കി. ടെന്‍ഡറില്‍ പങ്കെടുത്ത തമിഴ്നാട്ടില്‍ നിന്നുള്ള സ്ഥാപനം ഒരു ലിറ്റര്‍ നെയ്യ്ക്ക് 369 രൂപ കോട്ട് ചെയ്തപ്പോള്‍ മില്‍മയില്‍ നിന്നും വാങ്ങുന്നതിന് ലിറ്ററിന് 510 രൂപയാണ് ചെലവാക്കിയത്. ഇത്തരത്തില്‍ 1.65 ലക്ഷം ലിറ്റര്‍ നെയ്യ് മില്‍മയില്‍ നിന്നും വാങ്ങിയതിലൂടെ ബോര്‍ഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍.

See also  മെഗാ പഞ്ചായത്ത്, രാപ്പകൽ സമരം, നിയമസഭാ മാർച്ച്; നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ്

Related Articles

Back to top button