Gulf

എണ്ണത്തർക്കം: യുഎഇ ഒപെക് വിട്ടു

ദുബായ്: അന്താരാഷ്ട്ര എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ (OPEC) നിന്ന് പിന്മാറുന്നുവെന്ന് വ്യക്തമാക്കി യുഎഇ. മേയ് 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഒപെക് പ്ലസിൽ നിന്നും പിന്മാറും. വിവിധ വിഷയങ്ങളിൽ ഒപെക് അംഗങ്ങൾക്കിടയിൽ നില നിന്നിരുന്ന ആഭ്യന്തര തർക്കങ്ങളാണ് യുഎഇയെ നിർണായ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കടത്തിൽ പ്രതിസന്ധി നേരിട്ടതും യുഎഇയെ പ്രകോപിപ്പിച്ചിരുന്നു.

ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഐക്യം ചരിത്രത്തിലെ ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പ്രഖഅയാപിച്ചതിനു പിന്നാലെയാണ് ഒപെക്കിൽ നിന്നു പിന്മാറുന്നുവെന്ന പ്രഖ്യാപനം.

ഒപെക്കിലെ രണ്ടാമത്തെ വലിയ ഉത്പാദകരാണ് യുഎഇ. ഒപെകിൽ നിന്ന് പിന്മാറുന്നതോടെ എണ്ണ ഉത്പാദനത്തിൽ സ്വന്തമായി തീരുമാനമെടുക്കാൻ യുഎഇക്ക് സാധിക്കും. ഇത് വിപണിയിലെ എണ്ണ വിതരണത്തെ സ്വാധീനിച്ചേക്കാം.

യുഎഇ ഊർജകാര്യ മന്ത്രി സുഹൈൽ അൽ മസ്റൂയ് എക്സിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. സൗദി അറേബ്യ നേതൃത്വം വഹിക്കുന്ന കൂട്ടായ്മയ്ക്ക് വലിയ തിരിച്ചടിയാണ് യുഎഇയുടെ തീരുമാനം. തീരുമാനം ഡോണൾഡ് ട്രംപിനെ സംബന്ധിച്ച് വിജയമാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എണ്ണവില നിയന്ത്രിക്കുന്നതിന്‍റെ പ്രധാന ഘടകം ഒപെക് ആയി മാറുന്നതിനെ ട്രംപ് എക്കാലത്തും വിമർശിച്ചിരുന്നു. എണ്ണ വില ഉയർത്തി ലോകത്തെ മുഴുവൻ ഒപെക് ബുദ്ധിമുട്ടിലാക്കുന്നുവെന്നാണ് ട്രംപ് ആരോപിച്ചിരുന്നത്.

1960ലാണ് ഒപെക് രൂപീകരിക്കപ്പെട്ടത്. എണ്ണ ഉത്പാദക രാജ്യങ്ങൾക്ക് എണ്ണ വിലയിലും നയങ്ങളിലും കൂടുതൽ ആധിപത്യം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഒപെക് രൂപീകരിച്ചത്. അൾജീരിയ, കോങ്കോ, ഇക്വറ്റോറിയൽ ഗിനിയ, ഗാബോൺ, ലിബിയ, നൈജീരിയ, ഇറാൻ, ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ, വെനിസ്വേല എന്നീ രാജ്യങ്ങളാണ് ഇനി ഒപെകിൽ അവശേഷിക്കുന്നത്.

See also  എസ്.എസ്.എ. ‘മദക് സ്പേസ്’ പരീക്ഷണങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ചു

Related Articles

Back to top button