പ്രധാനാധ്യാപികക്കും ക്ലാസ് ടീച്ചർക്കും സസ്‌പെൻഷൻ, സ്‌കൂൾ അടച്ചു

പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി മാനേജ്‌മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയേയും സ്‌കൂളിലെ പ്രധാന അധ്യാപിക ലിസിയേയും സസ്‌പെൻഡ് ചെയ്തു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ ആത്മഹത്യ ചെയ്തത്. സ്‌കൂൾ വിട്ട് വന്നയുടൻ യൂണിഫോമിൽ തന്നെ തൂങ്ങി മരിക്കകയായിരുന്നു. പിന്നാലെ അർജുൻ പഠിക്കുന്ന കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബവും വിദ്യാർത്ഥികളും രംഗത്ത് എത്തിയിരുന്നു.
വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് സ്‌കൂൾ നാല് ദിവസത്തേക്ക് അടച്ചിട്ടു. വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ അയച്ച മെസേജിനെ തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിക്കുന്നു.