സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; 8 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം മഴ കനത്ത സാഹചര്യത്തില്‍ 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയില്‍ ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടി. കുടയത്തൂര്‍ അടൂര്‍മലയില്‍ ഉരുള്‍പൊട്ടി നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കിയിലെ ലോറ റേഞ്ച് പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ കനത്ത മഴ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് കുടയത്തൂര്‍ ഏഴാം വാര്‍ഡിലെ അടൂര്‍ മലയില്‍ ഉരുള്‍പൊട്ടിയത്. കോട്ടയം ജില്ലയുടെ മലയോരമേഖലകളില്‍ പ്രളയ സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. മണിമലയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുന്നു. കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, കൊക്കയാര്‍ പഞ്ചായത്ത്, മൂന്നിലവ് എന്നിവടങ്ങളിലും മണ്ണിടിച്ചിലുണ്ടായെന്ന് റിപ്പോർട്ടുണ്ട്.
വയനാട് ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും റെസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ശനിയാഴ്ചയ്ക്ക് ശേഷം പുതിയ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുമെന്നാണ് അറിയിപ്പ്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടര്‍ന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിന് ഈ അവധി ബാധകമല്ല.
മലപ്പുറം ജില്ലയില്‍ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധിയായിരിക്കും. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി, പി.എസ്.എസി. പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമില്ല. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാലും ആലപ്പുഴ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



