മാറിപ്പോയതാണ്, തെറ്റുപറ്റിപോയി; കോടിയേരിയുടെ ഫ്‌ളെക്‌സ് ബോർഡ് കീറിയ സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ

കൊല്ലത്ത് എസ്എഫ്ഐ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ അന്തരിച്ച സിപിഎം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഫ്‌ളെക്‌സ് ബോർഡ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ. കോൺഗ്രസിന്റെ ഫ്‌ളെക്‌സ് ബോർഡാണെന്ന് തെറ്റിദ്ധരിച്ചാണ് താൻ അത് കീറിയതെന്നും സംഭവിച്ചത് വലിയ തെറ്റാണെന്ന് ബോധ്യപ്പെട്ടതായും അക്ബർ ഷാ പറഞ്ഞു.
താൻ പ്രകടനത്തിലേക്ക് നുഴഞ്ഞുകയറിയതല്ലെന്നും കോടിയേരിയുടെ ഫ്‌ളെക്‌സ് നശിപ്പിച്ചതിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും അക്ബർ ഷാ വ്യക്തമാക്കി. താൻ മുൻപ് എസ്എഫ്ഐ പ്രവർത്തകനും നിലവിൽ ഡിവൈഎഫ്ഐ പ്രവർത്തകനുമാണ്. ഇടക്കാലത്ത് വിദേശത്തേക്ക് പോയിരുന്നുവെങ്കിലും പ്രകടനം കണ്ടപ്പോൾ അതിൽ പങ്കുചേരുകയായിരുന്നു. എന്നാൽ, സംഭവത്തിന് ശേഷം പാർട്ടി നേതാക്കളും പ്രവർത്തകരും തനിക്ക് എസ്എഫ്ഐയുമായി ബന്ധമില്ലെന്ന് പറയുന്നതിൽ വിഷമമുണ്ടെന്നും അക്ബർ ഷാ കൂട്ടിച്ചേർത്തു.
അതേസമയം, പ്രകടനത്തിനിടെ ഫ്‌ളെക്‌സ് തകർത്ത സംഭവത്തിൽ എസ്എഫ്ഐ ജില്ലാ നേതൃത്വം നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടുണ്ട്. തകർത്ത ഫ്‌ളെക്‌സിന് പകരം അതേസ്ഥലത്ത് പുതിയ ഫ്‌ളെക്‌സ് ബോർഡ് എസ്എഫ്ഐ പ്രവർത്തകർ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.



