Kerala

വി. ഡി. സതീശനെതിരായ നിലപാടിൽ ഉറച്ച് അടൂർ പ്രകാശ്; പരാതി ഹൈക്കമാൻഡിന് കൈമാറും

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ നിലപാടിൽ ഉറച്ച് മറുചേരി. മറ്റന്നാൾ ദില്ലിയിൽ നേരിട്ടെത്തി ഹൈക്കമാൻഡിന് കത്ത് നൽകാനുള്ള തീരുമാനത്തിലാണ് അടൂർ പ്രകാശ്. കൂടിയാലോചനകൾ ഇല്ലാത്തതും ഏകപക്ഷീയ തീരുമാനങ്ങളുമാണ് മുഖ്യമന്ത്രിയുടേതെന്നും കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. കൂടുതൽ നേതാക്കൾ ഹൈക്കമാൻഡിനെ പരാതി അറിയിച്ചേക്കും. ബോർഡ്- കോർപ്പറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ഇവർ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും.

അതേസമയം അടൂർ പ്രകാശിന്റെ പരാതിയുടെ പശ്ചാത്തലത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഹൈക്കമാൻ്റിന് റിപ്പോർട്ട് നൽകും. അടൂർ പ്രകാശുമായി ദീപ ദാസ് മുൻഷി ആശയവിനിമയം നടത്തിയിരുന്നു. പ്രധാന നേതാക്കളുമായും ദീപ ദാസ് മുൻഷി ആശയവിനിമയം നടത്തും. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഒരുങ്ങുകയാണ് ഹൈക്കമാൻഡ്.

യുഡിഎഫിൽ കൂടിയാലോചനയില്ലെന്നും പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും കഴിഞ്ഞ ദിവസം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വാർത്താസമ്മേളനം നടത്തി പ്രതികരിച്ചിരുന്നു. ഇതോടെയാണ് സംസ്ഥാന കോൺ​ഗ്രസിൽ പുകയുന്ന അസംതൃപ്തി പരസ്യമായത്. ബോർഡ്, കോർപറേഷൻ നിയമനങ്ങൾ നടന്നത് ചർച്ചയില്ലാതെയാണെന്നായിരുന്നു അടൂർ പ്രകാശ് കുറ്റപ്പെടുത്തിയത്. ഭരണ പരിഷ്‌കാരണ കമ്മീഷൻ അധ്യക്ഷ നിയമനത്തിലും, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനത്തിലുമുള്ള അതൃപ്തിയും യുഡിഎഫ് കൺവീനർ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് യോഗം ചേരാൻ കഴിഞ്ഞില്ല. യോഗം വിളിക്കേണ്ടിയിരുന്നത് ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുഖ്യമന്ത്രി മുൻകൈ എടുത്തില്ല. പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നു എന്നിങ്ങനെ വി ഡി സതീശനെതിരെ രൂക്ഷ വിമർശനങ്ങളായിരുന്നു അടൂർ പ്രകാശ് ഉന്നയിച്ചത്. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ്റെ വാർത്താസമ്മേളനം.

ഇതിന് പിന്നാലെ അടൂർ പ്രകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോൺ​ഗ്രസ് നേതാക്കൾ രം​ഗത്ത് വന്നതോടെ വിഷയത്തിൽ രണ്ട് ചേരികൾ ഉണ്ടെന്ന് വ്യക്തമായത്. മന്ത്രി കെ മുരളീധരനും രാജ്മോഹൻ ഉണ്ണിത്താൻ എം പിയും മുഖ്യമന്ത്രിയെ അനുകൂലിച്ച് രം​ഗത്തെത്തി. എന്നാൽ മഹിളാ കോൺ​ഗ്രസ് നേതാവ് ജെബി മേത്തർ എം പിയും തിരുവഞ്ചൂർ രാധാകൃഷ്ണനും അടൂർ പ്രകാശിൻ്റെ പ്രതികരണത്തെ പരോക്ഷമായി പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

See also  കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയിൽ

Related Articles

Back to top button