Kerala

സിനിമ തിയെറ്ററിൽ വൻ പരാജയം; കടം വീട്ടാൻ ട്രെയിനിൽ കവർച്ച നടത്തിയ സംവിധായകൻ പിടിയിൽ

ഷൊർണൂർ: ട്രെയിനുകളിൽ യാത്രക്കാരുടെ വിലപിടിപ്പുള്ള ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനി ഷൊർണൂർ റെയിൽവേ പൊലീസിന്‍റെ പിടിയിലായി. പാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈൻ (46) ആണ് അറസ്റ്റിലായത്. ‌

മണ്ണാർക്കാട് പൊറ്റശേരി സ്വദേശിയായ യുവതിയുടെ എൺപതിനായിരത്തോളം രൂപ വിലമതിക്കുന്ന പുതിയ മൊബൈൽ ഫോൺ ട്രെയിനിൽവെച്ച് മോഷണം പോയെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. റെയിൽവേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഷൊർണൂർ റെയിൽവേ പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു.

അടുത്തിടെ പുറത്തിറങ്ങിയ ‘കള്ളന്മാരുടെ വീട്’ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് പിടിയിലായ കാജ ഹുസൈൻ. സിനിമ തിയെറ്ററുകളിൽ വൻ പരാജയമായിരുന്നു. ഇത് വരുത്തിയ കനത്ത സാമ്പത്തിക ബാധ്യത വീട്ടാനാണ് ട്രെയിൻ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് കാജ ഹുസൈൻ പൊലീസിനോട് സമ്മതിച്ചു.

മോഷ്ടിച്ച വസ്തുക്കൾ സെക്കൻഡ് ഹാൻഡ് ഉപകരണങ്ങളുടെ ഇടനിലക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കച്ചവടക്കാർക്ക് വിറ്റിരുന്നത്. മോഷണ മുതൽ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് സ്വന്തമായി ഒരു കഫറ്റീരിയ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതി. പരിശോധന‍യിൽ പ്രധാന തൊണ്ടിമുതലുകളായ അഞ്ചോളം ലാപ്ടോപ്പുകളും വിലകൂടിയ മൊബൈൽ ഫോണും പ്രതിയിൽ നിന്ന് കണ്ടെടുത്തു.

See also  അന്വേഷണത്തിന് പ്രത്യേക വിജിലൻസ് സംഘം; എസ്.പി എം.ജെ. സോജൻ തലവൻ

Related Articles

Back to top button