Sports

ഇവര്‍ കുഞ്ഞന്‍ ടീമോ..അതൊക്കെ പണ്ട്; കൂറ്റന്‍ വിജയവുമായി അഫ്ഗാനിസ്ഥാന്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിയര്‍ത്തൊലിക്കുന്ന ഇന്ത്യന്‍ ടീമിന് മറ്റൊരു ടീമിന്റെ വിജയത്തില്‍ സന്തോഷിക്കാം. ഹോം ഗ്രൗണ്ട് നല്‍കി ഇന്ത്യ സഹായിച്ച അഫ്ഗാനിസ്ഥാന്റെ കൂറ്റന്‍ വിജയത്തില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. കുഞ്ഞന്‍ ടീം എന്ന് കാലങ്ങളായി ക്രിക്കറ്റ് പരിഹസിക്കുന്ന അഫ്ഗാനിസ്ഥാന്‍ ടീം സിംബാബ്‌വെക്കെതിരെ ആധികാരികമായ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്.

232 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയതില്‍ അഫ്ഗാനിന്റെ ബാറ്റിംഗ്, ബോളിംഗ് നിരക്ക് തുല്യ പ്രാധാന്യമാണുള്ളത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സിംബാബ്‌വെ 17.4 ഓവറില്‍ വെറും 54 റണ്‍സിന് പുറത്താകുകയായിരുന്നു.

ടോസ് നേടിയ സിംബാബ്‌വെ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണര്‍മാരായ സ്വദീഖുള്ള അതാലിന്റെയും അബ്ദുള്‍ മാലികിന്റെയും മികച്ച പ്രകടനമാണ് അഫ്ഗാനിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ സ്വദീഖുല്ല 128 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 104 റണ്‍സ് നേടി. 101 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 84 റണ്‍സാണ് അബ്ദുള്‍ മാലിക് നേടിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 191 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ സിംബാബ്‌വെ നിരയില്‍ രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്. സിക്കന്ദര്‍ റാസ 19 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സീന്‍ വില്യംസ് 16 റണ്‍സും നേടി. അഫ്ഗാനായി നവീദ് സദ്രാനും അള്ളാ ഗാസന്‍ഫാറും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഫസല്‍ഹഖ് ഫാറൂഖി രണ്ടും ഉമര്‍സായി ഒരു വിക്കറ്റും നേടി. നാല് ഓവറില്‍ നാല് റണ്‍സ് മാത്രമാണ് സിംബാബ് വെക്ക് എടുക്കാനായത്.

 

The post ഇവര്‍ കുഞ്ഞന്‍ ടീമോ..അതൊക്കെ പണ്ട്; കൂറ്റന്‍ വിജയവുമായി അഫ്ഗാനിസ്ഥാന്‍ appeared first on Metro Journal Online.

See also  തിരിച്ചടിച്ച് വിദർഭ: ഡാനിഷ് മലേവറിന് സെഞ്ച്വറി, ക്രീസിൽ നിലയുറപ്പിച്ച് കരുൺ നായരും

Related Articles

Back to top button