സിപിഐയുടെ എതിർപ്പ് മറികടക്കാൻ സിപിഎം; മന്ത്രി വി ശിവൻകുട്ടി അനുനയ നീക്കവുമായി സിപിഐ ആസ്ഥാനത്ത്

പിഎം ശ്രീ പദ്ധതിയിൽ അനുനയ നീക്കം തുടർന്ന് സിപിഎം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരിട്ടെത്തി സിപിഐ നേതൃത്വവുമായി ചർച്ച നടത്തി. സിപിഐ ആസ്ഥാനത്ത് എത്തിയ വി ശിവൻകുട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തുകയാണ്.
സിപിഎം നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നീക്കം. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് വി ശിവൻകുട്ടിയെയാണ് സിപിഐ നേതാക്കൾ കൂടുതലായും കുറ്റപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി തന്നെ നേരിട്ട് വന്ന് സമയവായത്തിന് ശ്രമിക്കുന്നത്
ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന കടുത്ത നിലപാടിലാണ് സിപിഐ. ഘടക കക്ഷികളെ ഇരുട്ടിൽ നിർത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും പടിവാതിൽക്കൽ നിൽക്കെ സിപിഐയുടെ നിലപാട് എൽഡിഎഫ് മുന്നണിക്കും ക്ഷീണമുണ്ടാക്കുന്നുണ്ട്.



